Sunday, November 19, 2006

സ്വാമി ശരണം

ഒരു മണ്ഡലകാലം കൂടി വന്നെത്തി. പൂവിലും പുല്ലിലും കല്ലിലും മുള്ളിലും ഈശ്വരനുണ്ടെന്ന സത്യം ഉദ്ഘോഷിക്കുന്ന, എല്ലാ ചരാചരങ്ങളിലും സ്വാമിയെ മാത്രം കാണുന്ന പുണ്യകാലം. അയ്യപ്പസുപ്രഭാതവും ഹരിവരാസനവും മുഴങ്ങുന്ന, കര്‍പ്പൂരക്കുളിര്‍കാറ്റു വീശുന്ന തിരുസന്നിധാനം. മാലയിട്ട ഭക്തനും മലയിലെ ഭഗവാനും ഒന്നാകുന്ന ലോകത്തിലെ ഏകപുണ്യസ്ഥാനം. മനുഷ്യന്‍ ഒരു ജാതി മാത്രമെന്ന സത്യം തന്റെ പ്രവൃത്തി കൊണ്ടു തെളിയിച്ച, അദ്വൈതസന്ദേശത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ്‌ സ്വാമി അയ്യപ്പന്‍. തന്റെ ഭക്തനു സ്വന്തം നാമം തന്നെ നല്‍കിയ കാരുണ്യമൂര്‍ത്തിയാണ്‌ ഭഗവാന്‍ അയ്യപ്പന്‍. നറുനെയ്യാടുന്ന സ്വാമിരൂപം മനസ്സില്‍ ധ്യാനിച്ച്‌, കൊടും തണുപ്പ്പിലും പുണ്യപമ്പയിലെ കുളിരലകളില്‍ മുങ്ങിക്കുളിച്ച്‌, കാടുകളും മേടുകളും താണ്ടി കല്ലും മുള്ളും ചവിട്ടി സ്വാമിയെ കാണാന്‍ പോകുന്ന ഭക്തലക്ഷങ്ങളുടെ ശരണാരവങ്ങള്‍ക്കായി കാതോര്‍ത്തുകൊണ്ട്‌, സത്യമായ പൊന്നും പതിനെട്ടാം പടി മുകളില്‍ വാഴുന്ന കാനനവാസനും കലിയുഗവരദനും അഖിലാണ്ഡേശ്വരനും അഭീഷ്ടദായകനും സത്യസ്വരൂപനും മുക്തിദായകനുമായ, എന്റെ ഇഷ്ടദേവനായ ശബരിമല ശ്രീ അയ്യപ്പന്റെ പാദാരവിന്ദങ്ങളില്‍ സാഷ്ടാംഗം നമസ്ക്കരിക്കുന്നു.

ഏതാനും പതിറ്റാണ്ടുകള്‍ക്കുമുമ്പ്‌ ആയിരങ്ങള്‍ മാത്രം ദര്‍ശനം നടത്തിയിരുന്ന ശബരിമലയില്‍ ഇപ്പോള്‍ ഭക്തലക്ഷങ്ങളോ കോടികളോ ആണ്‌ കേവലം രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ദര്‍ശനം നടത്തുന്നത്‌. എന്നാല്‍ ശബരിമലയിലെ ഇന്നത്തെ അവസ്ഥയെന്താണ്‌? കാടിനെയും മലകളെയും പൂങ്കാവനമാക്കി, കടുവാപുലികളെ കളിത്തോഴരാക്കി, കല്ലിനെയും മുള്ളിനെയും പൂമെത്തയാക്കി സര്‍വ്വവും സ്വാമിക്കു സമര്‍പ്പിച്ചു മലയാത്ര നടത്തിയിരുന്ന പഴയ ഗുരുസ്വാമിമാര്‍ക്ക്‌ പോയ കാലം മധുരസ്മരണകളില്‍ മാത്രം. ഇപ്പോള്‍ എല്ലാം കോണ്‍ക്രീറ്റ്‌ കാടായില്ലേ? എല്ലാം കാലത്തിന്റെ മാറ്റം.

പമ്പയില്‍ മുങ്ങിക്കുളിച്ച്‌ ഉച്ചത്തില്‍ ശരണം വിളിച്ചു മല കയറുമ്പോള്‍ ഭക്തനു ക്ഷീണമില്ല, കിതപ്പില്ല. ദേഹബലവും പാദബലവും തരുന്ന സ്വാമി എപ്പോഴും കൂടെയുണ്ടല്ലോ. സ്വാമിയുടെ പൂങ്കാവനത്തിലെ ഒരു പുല്‍ക്കൊടിയായെങ്കിലും ജന്‍മം ലഭിച്ചെങ്കില്‍ എന്നാണ്‌ ഓരോ സ്വാമിഭക്തനും ആശിക്കുന്നത്‌.

ഭക്തകോടികള്‍ വ്രതനിഷ്ഠയോടെ സ്വാമിദര്‍ശനത്തിനു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ സന്നദ്ധരാണ്‌. പക്ഷേ, ഭക്തര്‍ക്ക്‌ അടിസ്ഥാനപരമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികാരികള്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഭക്തരില്‍ നിന്നു കോടികളുടെ വരുമാനം കിട്ടുന്നതില്‍ കുറച്ചെങ്കിലും ഇത്തരം കാര്യങ്ങള്‍ക്കു ചിലവഴിക്കണം. ഭക്തര്‍ക്ക്‌ അന്നദാനം ഏര്‍പ്പെടുത്തിയ കാര്യം വളരെ ശ്ലാഘനീയമാണ്‌. കാരണം ഭഗവാന്‍ അന്നദാനപ്രഭുവാണല്ലോ. ഈ നാട്ടില്‍ എല്ലാ മതക്കാരും തുല്യരാണെന്നു പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ പമ്പയിലേക്കുള്ള ബസ്‌ ചാര്‍ജിലും ഇളവു നല്‍കേണ്ടതാണ്‌. പുണ്യനദിയായ പമ്പയെ മലിനീകരണത്തില്‍ നിന്നു രക്ഷിക്കാന്‍ വേണ്ട നടപടികളും എത്രയും വേഗം നടപ്പാക്കണം. ക്ഷേത്രങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനം ക്ഷേത്രങ്ങളുടെയും ഭക്തരുടെയും പുരോഗതിക്കു മാത്രം ഉപയോഗിക്കേണ്ടതാണ്‌.

എല്ലാവര്‍ക്കും ശബരിമല ശ്രീ അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെയെന്നു പ്രാര്‍ഥിക്കുന്നു.

സ്വാമിയേ ശരണമയ്യപ്പാ.....